പരിയാരം: മഹാജൂബിലി വര്‍ഷത്തില്‍ കണ്ണൂര്‍ രൂപതയില്‍നിന്ന് വിശുദ്ധ ബൈബിള്‍ മുഴുവനായി പകര്‍ത്തിയെഴുതിയത് ഒന്പതുപേര്. പൂര്‍ണമായും വായിച്ചത് 400 പേര്. കണ്ണൂര്‍ രൂപതയുടെ മാസികയായ "കണ്ണും കണ്ണാടിയും’ രൂപത ബൈബിള്‍ അപ്പോസ്തലേറ്റും ചേര്‍ന്നാണ് മഹാജൂബിലി വര്‍ഷത്തില്‍ പദ്ധതി ആസൂത്രണം ചെയ്തത്.
2025 ജനുവരി ഒന്നിന് തുടങ്ങിയ ബൈബിള്‍ പാരായണം ഡിസംബര്‍ 27നാണ് സമാപിച്ചത്. ഫാ. ജോയി പൈനാടത്തും ഫാ. വിക്ടര്‍ വിപിനും ചേര്‍ന്നാണ് ഓരോ ദിവസത്തേയും പാരായണ ഭാഗങ്ങള്‍ മാസികയിലൂടെ വിശ്വാസികളിലെത്തിച്ചിരുന്നത്. ഈ ഒരുവര്‍ഷത്തിനിടയിലാണ് 40 ഇടവകകളില്‍ നിന്നായി 400 പേര് ബൈബിള്‍ പൂര്‍ണമായും വായിച്ചുതീര്‍ത്തത്. ഒന്പതുപേര് ബൈബിള്‍ പൂര്‍ണമായും പകര്ത്തിയെഴുതുകയുമുണ്ടായി.
ഇവരെയെല്ലാം അനുമോദിക്കുകയും ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹായ മെത്രാന് ഡോ. ഡെന്നിസ് കുറുപ്പശേരി, കണ്ണൂര്‍ രൂപത വികാരി ജനറാൾ ഡോ. ക്ലാരന്‍സ് പാലിയത്ത്, ഡോ. ഹെന്റി പട്ടരുമഠത്തില്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി.
ബൈബിള്‍ പാരായണ പദ്ധതി കണ്ണൂര്‍ രൂപതയ്ക്ക് നല്‍കിയത് ഒരു പുതിയ ചരിത്രമാണ്. ഈ പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ ബൈബിള്‍ മുഴുവനായി വായിച്ചു തീര്‍ന്നവരും എഴുതിയവരും രൂപതയ്ക്ക് ഒരു അനുഗ്രഹമാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു.